പ്രശസ്തനായ സംഗീതജ്ഞന്റെ മകനായി ജനിച്ചിട്ടും, ആ സിദ്ധികൾ അതേപടി പകർന്നു കിട്ടിയിട്ടും ബോംബെ തെരുവുകളിലെ ഗായകനായി കഴിയാൻ വിധിക്കപെട്ടവനായിരുന്നൂ അബ്ദുള്ള. സിനിമയിൽ മൂന്നോ നാലോ വരികളിൽ മാത്രമാണ് അയാളുടെ ജീവിതകഥ വിവരിക്കപ്പെടുന്നത്. പക്ഷെ കഥകളുടെ തമ്പുരാനായ ലോഹിതദാസ് വരികളുടെ തോഴനായ കൈതപ്രത്തിനോട് അബ്ദുള്ള കടന്നുവന്ന ജീവിതപശ്ചാത്തലം വിശദമായി വിവരിച്ചിരിക്കാം. അതിൽനിന്നാവാം മനോഹരമായ ഈ ഗാനത്തിന്റെ പിറവി.
ശുഭസായഹ്നം പോലെ
പ്രമദവനം തിരസ്കരിക്കപെട്ട നായകന്റെ ജീവിതം തന്നെയാണ്. ദുരിതങ്ങൾ നിറഞ്ഞ അയാളുടെ ജീവിതത്തിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു. അസ്തമയസൂര്യനെ ഇരുൾമൂടുന്നതുപോലെ, സത്യമെന്ന തെളിദീപത്തെ കപടതയുടെ കൈകൾകൊണ്ട് മൂടി അയാൾ തന്റെ ലക്ഷ്യത്തിലേക്കു നടന്നടുക്കാൻ ആഗ്രഹിക്കുന്നു.
സൂര്യവംശരാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠനായ ശ്രീരാമന്റെ പ്രിയപ്പെട്ട നദിയായിരുന്നു സരയൂ. എന്നാൽ അതേ രാമന്റെ ജീവത്യാഗത്തിനു സാക്ഷിയാകേണ്ടിവന്നപ്പോൾ ആ നദിയിലെ ഓരോ ജലകണവും ഒരു ചുടുമിഴിനീർകണമായി മാറുകയല്ലാതെ എന്തുചെയ്യും! നായകന്റെ അഗാധമായ ദുഖത്തെ സരയൂനദി ആയി ഉപമിച്ചിരിക്കുന്നതും അതിനാൽ തന്നെ. രാമായണകഥയുടെ ആവർത്തനം പോലെ, പലവർഷങ്ങളുടെ ഏകാന്തവാസത്തിനു ശേഷം കൊട്ടാരവാസവും ജീവിതസുഖങ്ങളും അയാളെ തേടിയെത്തുന്നു.
ഏതേതോ കഥയിൽ യമുനയിലൊരു
വനമലരായൊഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ
മുരളിയിലൊരുയുഗ-
സംക്രമഗീതയുണർത്തുമ്പോൾ...ഇന്നിതാ...
കണ്ണന്റെ ബാല്യകാല ലീലകൾക്കെല്ലാം തുണയായിനിന്ന പുണ്യനദിയാണ് യമുന. രാധയെയും ഗോപികമാരെയും വൃന്ദാവനത്തിലെ സർവ്വചരാചരങ്ങളെയും വിട്ടു കണ്ണൻ യാത്രയായപ്പോൾ അവരെല്ലാം യമുനാ നദിയിലൊഴുകിയ വനപുഷ്പങ്ങൾ പോലെ ഏകാന്തരായി പോയിട്ടുണ്ടാവാം. യമുനയിലൊഴുകിയ വനമലരായി നിസ്സഹായനായ നായകൻ മാറുന്നതും അതുകൊണ്ടു തന്നെ. മധുരമായ ഗാനങ്ങൾ മാത്രം പൊഴിച്ചിരുന്ന അതേ മുരളിയിൽ നിന്നുതന്നെയാണ് പിന്നീട് മഹായുദ്ധത്തിനു നിർണായകമായി തീർന്ന ഗീതോപദേശം ഉണ്ടായത്. ഗായകനിൽ നിന്ന് ചരടുവലികളുടെ സൂത്രധാരനായി നായകൻ മാറുന്ന കഥാപശ്ചാത്തലം ഇവിടെ സൂചിപ്പിക്കപെടുന്നു.
ബോംബെതെരുവുകളിൽ ജനിച്ചുവളർന്ന നായകൻ പാടുമ്പോൾ തീർച്ചയായും അത് ഹിന്ദുസ്ഥാനിസംഗീതം തന്നെ ആകണമെന്ന് സൃഷ്ടാക്കൾ തീരുമാനിച്ചിരിക്കും. അതുകൊണ്ടുതന്നെയാകും മനോഹരമായ ജോഗ് രാഗം രവീന്ദ്രൻ മാസ്റ്റർ ഈ ഗാനത്തിനായി ഉപയോഗിച്ചത്. നായകന്റെ പിതാവിനെ കുറിച്ച് ഒരു പരാമർശം സിനിമയിൽ വന്നപ്പോൾ, ജോഗ് രാഗത്തിനു പുതിയ ഭാവങ്ങൾ പകർന്ന അമീർഖാൻസാഹിബിന്റെ പേര് ഉപയോഗിച്ചിരിക്കുന്നതും യാദൃശ്ചികമായി തോന്നിയില്ല.
കാവ്യാത്മകമായ വരികൾ കൊണ്ടും വൈവിധ്യമാർന്ന പദപ്രയോഗങ്ങൾ കൊണ്ടും ഒരുപാട് പാട്ടെഴുത്തുക്കാർ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാൽ കഥാസന്ദർഭങ്ങളെയും കഥാപാത്രങ്ങളുടെ മാനസികസംഘർഷങ്ങളെയും ഇത്ര ആഴത്തിൽ തന്റെ വരികളിലേക്കാവാഹിച്ച കൈതപ്രത്തെപോലെ മറ്റൊരാൾ മലയാളത്തിലുണ്ടായിട്ടുണ്ടോ? സംശയമാണ്. ആ മഹാപ്രതിഭയെ പിന്നിലാക്കാൻ കാലമിനിയും ഒരുപാട് പണിപ്പെടേണ്ടിവരും.. തീർച്ച!!