Friday, September 8, 2023

ജോരാസങ്കോ താക്കൂർ ബാരി




ജോരാസങ്കോ താക്കൂർ ബാരി..ബംഗാളി സാഹിത്യത്തിന്റെ പൈതൃകം തേടിയുള്ള, കൽക്കട്ട നഗരത്തെ രാജ്യത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നുവിളിക്കുന്നതിന്റെ പൊരുൾ തേടിയുള്ള, യാത്ര ചെന്നുനിന്നത് വീടിനു മുന്നിൽ. നഗരത്തിന്റെ എല്ലാ തിരക്കുകളും ഉള്ള ഒരു സ്ഥലത്ത് തികച്ചും ശാന്തവും ആശ്രമതുല്യവുമായ ഒരു വീട്. ബംഗാളിലെ പ്രസിദ്ധമായ താക്കൂർ കുടുംബത്തിന്റെ തറവാട് വീടാണ് താക്കൂർ ബാരി അഥവാ ടാഗോർ ഭവനം. വിശ്വകവിയും ഭാരതത്തിന്റെ അഭിമാനവുമായ ബീന്ദ്രനാഥ ടാഗോർ ജനിച്ചതും വളർന്നതും അന്ത്യനാളുകൾ ചിലവഴിച്ചതും വീട്ടിലാണ്..

വീടിന്റെ അകത്തേക്ക് പ്രവേശിച്ചതും ടാഗോറിന്റെ സർഗ്ഗാത്മകത വെളിവാക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്ക് ഞങ്ങൾ അറിയാതെ തന്നെ പറിച്ചുനടപ്പെട്ടു. കടന്നുപോകുന്ന ഓരോ മുറികളിലും പതിച്ചിരിക്കുന്ന ചിത്രങ്ങൾ അദേഹത്തിന്റെ പ്രതിഭയുടെ നേർകാഴ്ചകളായി മാറി. വായുവിലൂടെ ഒഴുകിവന്ന ഗാനങ്ങളിൽ  രബീന്ദ്രസംഗീതത്തിന്റെ മാറ്റൊലികൾ നിറഞ്ഞുനിന്നു. ഇപ്പോൾ മ്യൂസിയം ആയി സംരക്ഷിക്കപെട്ടിരിക്കുന്ന വീട്ടിൽ അദ്ദേഹത്തിന്റെ രചനകൾ, വരച്ച ചിത്രങ്ങൾ, മറ്റു സ്വകാര്യ വസ്തുക്കൾ എല്ലാം വളരെ ചിട്ടയായി പ്രദർശിപ്പിച്ചിരിക്കുന്നു. കവി, എഴുത്തുകാരൻ, സംഗീതജ്ഞൻ, ചിത്രകാരൻ, സാമൂഹ്യസേവകൻ എന്നീനിലകളിലെല്ലാം അദേഹത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയൊക്കെയായിരുന്നു എന്ന് ഓരോ മുറികളായി ഞങ്ങൾക്ക് പറഞ്ഞു തന്നു. മുറികളിലൊന്നിൽ ഒരു ചില്ലുമേശയിൽ ഗീതാഞ്ജലിയുടെ ഒരു പഴയ പ്രതി സൂക്ഷിച്ചിരിക്കുന്നു. അതോടൊപ്പം ടാഗോറിന് ലഭിച്ച നോബൽ സമ്മാനത്തിന്റെ പുനരാവിഷ്കരിക്കപ്പെട്ട ഒരു പതക്കവും. ബ്രിട്ടീഷ്സാമ്രാജ്യത്തിന്റ കാൽകീഴിൽ ഉള്ള ഒരു രാജ്യത്തെ പൗരന് പരമോന്നത ബഹുമതിയായ നോബൽ സമ്മാനം നൽകണമെങ്കിൽ എത്രമാത്രം സ്വാധീനം ആകും പുസ്തകം സാഹിത്യലോകത്ത് ഉണ്ടാക്കിയിട്ടുണ്ടാകുക എന്ന് നിമിഷം ചിന്തിച്ചുനിന്നുപോയി. തിരക്കേറിയ പല സ്ഥലങ്ങളിലും ഇരുന്ന് താൻ ഗീതാഞ്ജലി വായിച്ചെന്നും, തന്റെ മനസ്സിനെ എപ്രകാരമാണ് അത് സ്വാധീനിക്കുന്നതെന്ന് മറ്റുള്ളവർ മനസ്സിലാക്കാതെ ഇരിക്കാൻ പലപ്പോളും പുസ്തകം അടച്ചു വയ്ക്കേണ്ടിവന്നുവെന്നും പ്രശസ്ത എഴുത്തുകാരനായ യേറ്റ്സ്  ഗീതഞ്ജലിയുടെ അവതാരികയിൽ എഴുതിയതും സമയം ഓർത്തുപോയി. മറ്റൊരു മുറിയിൽ ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലെ വിശിഷ്ടവക്തിത്വങ്ങളുമായി ടാഗോർ നടത്തിയ ആശയവിനിമയങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ചിത്രങ്ങളിലെല്ലാം അദ്ദേഹം ഇരിക്കുന്ന സ്ഥാനം അദ്ദേഹത്തിന് മറ്റുള്ളവരുടെ ഇടയിൽ ഉണ്ടായിരുന്ന സ്വീകാര്യത എന്തെന്ന് വെളിവാക്കുന്നു. ഒന്നാം നിലയിലെ വരാന്തയിൽ നിന്ന് നോക്കുമ്പോൾ താഴെ വിശാലമായ നടുമുറ്റം കാണാം. എത്രയോ പ്രതിഭാസംഗമങ്ങൾക്കാവും നടുമുറ്റം ആതിഥ്യമരുളിയിട്ടുണ്ടാവുക!

താക്കൂർ ബാരിയിലെ ശ്വാസകാറ്റിനുപോലും ടാഗോറിന്റെ മാനവികതയുടെയും പ്രകൃതിസ്നേഹത്തിന്റെയും, തത്വചിന്തയുടെയും, ദൈവസങ്കല്പത്തിന്റെയുമെല്ലാം ഗീതങ്ങൾ ഞങ്ങൾക്ക് പാടിതരുവാൻ ഉണ്ടായിരുന്നു. കവിയും എഴുത്തുകാരനും എന്നതിനപ്പുറം ടാഗോർ അറിവിന്റെയും വികാരവിചാരങ്ങളുടെയും ഒരു പ്രപഞ്ചം തന്നെയാണെന്നറിയുന്നവർക്ക് താക്കൂർ ബാരി കേവലം ഒരു വീടല്ല, ഒരു തീർത്ഥാടനകേന്ദ്രം തന്നെയാണ്. കലയുടെയും, സാഹിത്യത്തിന്റെയും, സംഗീതത്തിന്റെയും, തത്വചിന്തയുടെയുമെല്ലാം ഗതകാലസ്മരണകൾ ഉണർത്തുന്ന ഒരു മഹാവൃക്ഷമായി താക്കൂർ ബാരി എന്നും തലഉയർത്തി നിൽക്കട്ടെ. തന്റെ അസാമാന്യ പ്രതിഭകൊണ്ട് വിദേശികളെ പോലും അമ്പരപ്പിച്ച ടാഗോറിന്റെ പ്രൗഢഗംഭീരവും ശാന്തസുന്ദരവുമായ വദനം പോലെതന്നെ....

സ്വരപതംഗം

    സംഗീതമേ നിൻ്റെ സാന്ത്വനസ്പർശം തേടി ജ്ഞാൻ എങ്ങോ അലഞ്ഞു സ്വരപതംഗമായ് പാറിപ്പറന്നു നീ എന്നിൽനിന്നെന്തെ മാഞ്ഞു.. നീ എന്നിൽനിന്നെന്തെ മാഞ്ഞു....