അനുധാര
Monday, June 10, 2024
സ്വരപതംഗം
Friday, September 8, 2023
ജോരാസങ്കോ താക്കൂർ ബാരി
ജോരാസങ്കോ താക്കൂർ ബാരി..ബംഗാളി സാഹിത്യത്തിന്റെ പൈതൃകം തേടിയുള്ള, കൽക്കട്ട നഗരത്തെ രാജ്യത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നുവിളിക്കുന്നതിന്റെ പൊരുൾ തേടിയുള്ള, യാത്ര ചെന്നുനിന്നത് ഈ വീടിനു മുന്നിൽ. നഗരത്തിന്റെ എല്ലാ തിരക്കുകളും ഉള്ള ഒരു സ്ഥലത്ത് തികച്ചും ശാന്തവും ആശ്രമതുല്യവുമായ ഒരു വീട്. ബംഗാളിലെ പ്രസിദ്ധമായ താക്കൂർ കുടുംബത്തിന്റെ തറവാട് വീടാണ് താക്കൂർ ബാരി അഥവാ ടാഗോർ ഭവനം. വിശ്വകവിയും ഭാരതത്തിന്റെ അഭിമാനവുമായ രബീന്ദ്രനാഥ ടാഗോർ ജനിച്ചതും വളർന്നതും അന്ത്യനാളുകൾ ചിലവഴിച്ചതും ഈ വീട്ടിലാണ്..
വീടിന്റെ അകത്തേക്ക് പ്രവേശിച്ചതും ടാഗോറിന്റെ സർഗ്ഗാത്മകത വെളിവാക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്ക് ഞങ്ങൾ അറിയാതെ തന്നെ പറിച്ചുനടപ്പെട്ടു. കടന്നുപോകുന്ന ഓരോ മുറികളിലും പതിച്ചിരിക്കുന്ന ചിത്രങ്ങൾ അദേഹത്തിന്റെ പ്രതിഭയുടെ നേർകാഴ്ചകളായി മാറി. വായുവിലൂടെ ഒഴുകിവന്ന ഗാനങ്ങളിൽ രബീന്ദ്രസംഗീതത്തിന്റെ മാറ്റൊലികൾ നിറഞ്ഞുനിന്നു. ഇപ്പോൾ മ്യൂസിയം ആയി സംരക്ഷിക്കപെട്ടിരിക്കുന്ന ഈ വീട്ടിൽ അദ്ദേഹത്തിന്റെ രചനകൾ, വരച്ച ചിത്രങ്ങൾ, മറ്റു സ്വകാര്യ വസ്തുക്കൾ എല്ലാം വളരെ ചിട്ടയായി പ്രദർശിപ്പിച്ചിരിക്കുന്നു. കവി, എഴുത്തുകാരൻ, സംഗീതജ്ഞൻ, ചിത്രകാരൻ, സാമൂഹ്യസേവകൻ എന്നീനിലകളിലെല്ലാം അദേഹത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയൊക്കെയായിരുന്നു എന്ന് ഓരോ മുറികളായി ഞങ്ങൾക്ക് പറഞ്ഞു തന്നു. മുറികളിലൊന്നിൽ ഒരു ചില്ലുമേശയിൽ ഗീതാഞ്ജലിയുടെ ഒരു പഴയ പ്രതി സൂക്ഷിച്ചിരിക്കുന്നു. അതോടൊപ്പം ടാഗോറിന് ലഭിച്ച നോബൽ സമ്മാനത്തിന്റെ പുനരാവിഷ്കരിക്കപ്പെട്ട ഒരു പതക്കവും. ബ്രിട്ടീഷ്സാമ്രാജ്യത്തിന്റ കാൽകീഴിൽ ഉള്ള ഒരു രാജ്യത്തെ പൗരന് പരമോന്നത ബഹുമതിയായ നോബൽ സമ്മാനം നൽകണമെങ്കിൽ എത്രമാത്രം സ്വാധീനം ആകും ആ പുസ്തകം സാഹിത്യലോകത്ത് ഉണ്ടാക്കിയിട്ടുണ്ടാകുക എന്ന് ആ നിമിഷം ചിന്തിച്ചുനിന്നുപോയി. തിരക്കേറിയ പല സ്ഥലങ്ങളിലും ഇരുന്ന് താൻ ഗീതാഞ്ജലി വായിച്ചെന്നും, തന്റെ മനസ്സിനെ എപ്രകാരമാണ് അത് സ്വാധീനിക്കുന്നതെന്ന് മറ്റുള്ളവർ മനസ്സിലാക്കാതെ ഇരിക്കാൻ പലപ്പോളും പുസ്തകം അടച്ചു വയ്ക്കേണ്ടിവന്നുവെന്നും പ്രശസ്ത എഴുത്തുകാരനായ യേറ്റ്സ് ഗീതഞ്ജലിയുടെ അവതാരികയിൽ എഴുതിയതും ആ സമയം ഓർത്തുപോയി. മറ്റൊരു മുറിയിൽ ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലെ വിശിഷ്ടവക്തിത്വങ്ങളുമായി ടാഗോർ നടത്തിയ ആശയവിനിമയങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ആ ചിത്രങ്ങളിലെല്ലാം അദ്ദേഹം ഇരിക്കുന്ന സ്ഥാനം അദ്ദേഹത്തിന് മറ്റുള്ളവരുടെ ഇടയിൽ ഉണ്ടായിരുന്ന സ്വീകാര്യത എന്തെന്ന് വെളിവാക്കുന്നു. ഒന്നാം നിലയിലെ വരാന്തയിൽ നിന്ന് നോക്കുമ്പോൾ താഴെ വിശാലമായ നടുമുറ്റം കാണാം. എത്രയോ പ്രതിഭാസംഗമങ്ങൾക്കാവും ആ നടുമുറ്റം ആതിഥ്യമരുളിയിട്ടുണ്ടാവുക!
താക്കൂർ ബാരിയിലെ ശ്വാസകാറ്റിനുപോലും ടാഗോറിന്റെ മാനവികതയുടെയും പ്രകൃതിസ്നേഹത്തിന്റെയും, തത്വചിന്തയുടെയും, ദൈവസങ്കല്പത്തിന്റെയുമെല്ലാം ഗീതങ്ങൾ ഞങ്ങൾക്ക് പാടിതരുവാൻ ഉണ്ടായിരുന്നു. കവിയും എഴുത്തുകാരനും എന്നതിനപ്പുറം ടാഗോർ അറിവിന്റെയും വികാരവിചാരങ്ങളുടെയും ഒരു പ്രപഞ്ചം തന്നെയാണെന്നറിയുന്നവർക്ക് താക്കൂർ ബാരി കേവലം ഒരു വീടല്ല, ഒരു തീർത്ഥാടനകേന്ദ്രം തന്നെയാണ്. കലയുടെയും, സാഹിത്യത്തിന്റെയും, സംഗീതത്തിന്റെയും, തത്വചിന്തയുടെയുമെല്ലാം ഗതകാലസ്മരണകൾ ഉണർത്തുന്ന ഒരു മഹാവൃക്ഷമായി താക്കൂർ ബാരി എന്നും തലഉയർത്തി നിൽക്കട്ടെ. തന്റെ അസാമാന്യ പ്രതിഭകൊണ്ട് വിദേശികളെ പോലും അമ്പരപ്പിച്ച ടാഗോറിന്റെ പ്രൗഢഗംഭീരവും ശാന്തസുന്ദരവുമായ വദനം പോലെതന്നെ....
Saturday, July 22, 2023
ഋതുരാഗം ചൂടിയ പ്രമദവനം
പ്രശസ്തനായ സംഗീതജ്ഞന്റെ മകനായി ജനിച്ചിട്ടും, ആ സിദ്ധികൾ അതേപടി പകർന്നു കിട്ടിയിട്ടും ബോംബെ തെരുവുകളിലെ ഗായകനായി കഴിയാൻ വിധിക്കപെട്ടവനായിരുന്നൂ അബ്ദുള്ള. സിനിമയിൽ മൂന്നോ നാലോ വരികളിൽ മാത്രമാണ് അയാളുടെ ജീവിതകഥ വിവരിക്കപ്പെടുന്നത്. പക്ഷെ കഥകളുടെ തമ്പുരാനായ ലോഹിതദാസ് വരികളുടെ തോഴനായ കൈതപ്രത്തിനോട് അബ്ദുള്ള കടന്നുവന്ന ജീവിതപശ്ചാത്തലം വിശദമായി വിവരിച്ചിരിക്കാം. അതിൽനിന്നാവാം മനോഹരമായ ഈ ഗാനത്തിന്റെ പിറവി.
ശുഭസായഹ്നം പോലെ
പ്രമദവനം തിരസ്കരിക്കപെട്ട നായകന്റെ ജീവിതം തന്നെയാണ്. ദുരിതങ്ങൾ നിറഞ്ഞ അയാളുടെ ജീവിതത്തിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു. അസ്തമയസൂര്യനെ ഇരുൾമൂടുന്നതുപോലെ, സത്യമെന്ന തെളിദീപത്തെ കപടതയുടെ കൈകൾകൊണ്ട് മൂടി അയാൾ തന്റെ ലക്ഷ്യത്തിലേക്കു നടന്നടുക്കാൻ ആഗ്രഹിക്കുന്നു.
സൂര്യവംശരാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠനായ ശ്രീരാമന്റെ പ്രിയപ്പെട്ട നദിയായിരുന്നു സരയൂ. എന്നാൽ അതേ രാമന്റെ ജീവത്യാഗത്തിനു സാക്ഷിയാകേണ്ടിവന്നപ്പോൾ ആ നദിയിലെ ഓരോ ജലകണവും ഒരു ചുടുമിഴിനീർകണമായി മാറുകയല്ലാതെ എന്തുചെയ്യും! നായകന്റെ അഗാധമായ ദുഖത്തെ സരയൂനദി ആയി ഉപമിച്ചിരിക്കുന്നതും അതിനാൽ തന്നെ. രാമായണകഥയുടെ ആവർത്തനം പോലെ, പലവർഷങ്ങളുടെ ഏകാന്തവാസത്തിനു ശേഷം കൊട്ടാരവാസവും ജീവിതസുഖങ്ങളും അയാളെ തേടിയെത്തുന്നു.
ഏതേതോ കഥയിൽ യമുനയിലൊരു
വനമലരായൊഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ
മുരളിയിലൊരുയുഗ-
സംക്രമഗീതയുണർത്തുമ്പോൾ...ഇന്നിതാ...
കണ്ണന്റെ ബാല്യകാല ലീലകൾക്കെല്ലാം തുണയായിനിന്ന പുണ്യനദിയാണ് യമുന. രാധയെയും ഗോപികമാരെയും വൃന്ദാവനത്തിലെ സർവ്വചരാചരങ്ങളെയും വിട്ടു കണ്ണൻ യാത്രയായപ്പോൾ അവരെല്ലാം യമുനാ നദിയിലൊഴുകിയ വനപുഷ്പങ്ങൾ പോലെ ഏകാന്തരായി പോയിട്ടുണ്ടാവാം. യമുനയിലൊഴുകിയ വനമലരായി നിസ്സഹായനായ നായകൻ മാറുന്നതും അതുകൊണ്ടു തന്നെ. മധുരമായ ഗാനങ്ങൾ മാത്രം പൊഴിച്ചിരുന്ന അതേ മുരളിയിൽ നിന്നുതന്നെയാണ് പിന്നീട് മഹായുദ്ധത്തിനു നിർണായകമായി തീർന്ന ഗീതോപദേശം ഉണ്ടായത്. ഗായകനിൽ നിന്ന് ചരടുവലികളുടെ സൂത്രധാരനായി നായകൻ മാറുന്ന കഥാപശ്ചാത്തലം ഇവിടെ സൂചിപ്പിക്കപെടുന്നു.
ബോംബെതെരുവുകളിൽ ജനിച്ചുവളർന്ന നായകൻ പാടുമ്പോൾ തീർച്ചയായും അത് ഹിന്ദുസ്ഥാനിസംഗീതം തന്നെ ആകണമെന്ന് സൃഷ്ടാക്കൾ തീരുമാനിച്ചിരിക്കും. അതുകൊണ്ടുതന്നെയാകും മനോഹരമായ ജോഗ് രാഗം രവീന്ദ്രൻ മാസ്റ്റർ ഈ ഗാനത്തിനായി ഉപയോഗിച്ചത്. നായകന്റെ പിതാവിനെ കുറിച്ച് ഒരു പരാമർശം സിനിമയിൽ വന്നപ്പോൾ, ജോഗ് രാഗത്തിനു പുതിയ ഭാവങ്ങൾ പകർന്ന അമീർഖാൻസാഹിബിന്റെ പേര് ഉപയോഗിച്ചിരിക്കുന്നതും യാദൃശ്ചികമായി തോന്നിയില്ല.
കാവ്യാത്മകമായ വരികൾ കൊണ്ടും വൈവിധ്യമാർന്ന പദപ്രയോഗങ്ങൾ കൊണ്ടും ഒരുപാട് പാട്ടെഴുത്തുക്കാർ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാൽ കഥാസന്ദർഭങ്ങളെയും കഥാപാത്രങ്ങളുടെ മാനസികസംഘർഷങ്ങളെയും ഇത്ര ആഴത്തിൽ തന്റെ വരികളിലേക്കാവാഹിച്ച കൈതപ്രത്തെപോലെ മറ്റൊരാൾ മലയാളത്തിലുണ്ടായിട്ടുണ്ടോ? സംശയമാണ്. ആ മഹാപ്രതിഭയെ പിന്നിലാക്കാൻ കാലമിനിയും ഒരുപാട് പണിപ്പെടേണ്ടിവരും.. തീർച്ച!!
Sunday, February 5, 2023
ഫെബ്രുവരി 6
കാലത്തിന്റെ പടവുകളിലൂടെ പതിനേഴു വർഷങ്ങൾ പിന്നോട്ട് നടക്കുമ്പോൾ എനിക്ക് കാണാം അദ്ധ്യാപക ജോലിയുടെ ഭാണ്ഡവും പേറി ഒരു മലയോര ഗ്രാമത്തിൽ നിന്നും പാലക്കാട് വന്നിറങ്ങിയ ഇരുപത്തിരണ്ടുകാരനെ. ഫെബ്രുവരി മാസത്തെ പാലക്കാടൻ കാറ്റും തന്നോളും മുതിർന്ന വിദ്യാർഥികളും തെല്ലൊന്നു ഭയപെടുത്തിയെങ്കിലും, ആ മണ്ണിൽ തന്നെ ഉറച്ചു നില്ക്കാൻ അവൻ തീരുമാനിച്ചു. ആശ്രയം തേടി വരുന്നവരെ നിരാശരാക്കാത്ത പാലക്കാടൻ മണ്ണ് അവനു വേണ്ട സകലജീവിതസൗഭാഗ്യങ്ങളും നൽകി. ഒരിക്കലും വിട്ടു പോകാതിരിക്കാൻ അവനൊപ്പും അവളെയും അവിടെ തന്നെ ചേർത്തുനിർത്തി. അനേകം മനുഷ്യരുടെ കഴിവിലും പരിശ്രമത്തിലും ഉയർന്നുവന്ന എൻഎസ്എസ് ഇന്റെ മഹാസ്ഥാപനം അദ്ധ്യാപകജോലിയുടെ മനോഹാരിതയും മഹത്വവും അവനു മുന്നിൽ തുറന്നുകാട്ടി. പ്രകാശത്താൽ സ്വയം ഉത്തേജിതനാവുകയും തലമുറകൾക്ക് തണലാവുകായും ചെയ്യുന്ന ആൽമരം പോലെ, അറിവെന്ന വെളിച്ചത്തെ സ്വയം തേടുകയും, നേടിയവയെ അന്വേക്ഷികളിലേക്കു പകർന്നുനല്കുകയും ചെയ്യുന്ന മറ്റൊരു ആൽമരമായി മാറാൻ അവൻ തയ്യാറെടുത്തു..
പതിനേഴു പടികൾ പിന്നിട്ടിരിക്കുന്നു..ഇനി മുന്നോട്ടു പോകേണ്ടതും അത്ര തന്നെ പടികൾ..വയലാറിന്റെ വരികളിൽ നിന്നും അല്പം കടമെടുത്തു എഴുതി നിർത്തട്ടെ...
അറിവാം വാരിധിയിൽ ജ്ഞാൻ വെറുമൊരു
ജലകണം മാത്രമെന്നറിയുന്നുവെങ്കിലും
അതിൻ അനന്തതയ്‌ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകൾതീർക്കുവാൻ
കഴിയുകില്ലെൻ പ്രേമതീർത്ഥങ്ങളിൽ!
Tuesday, January 17, 2023
ഋതുഭേദം
തെളിവാർന്ന പൊൻപുലരികളായി
ഞെട്ടറ്റു വീണൊരാ പൂവിന്റെ പുഞ്ചിരി
ജലധാര മോഹിച്ച ശിലകൾ തൻ പാളികൾ
കൈവിരൽത്തുമ്പിലെ അക്ഷരമായ്..
Tuesday, December 6, 2022
സഹയാത്രിക
സ്വരപതംഗം
സംഗീതമേ നിൻ്റെ സാന്ത്വനസ്പർശം തേടി ജ്ഞാൻ എങ്ങോ അലഞ്ഞു സ്വരപതംഗമായ് പാറിപ്പറന്നു നീ എന്നിൽനിന്നെന്തെ മാഞ്ഞു.. നീ എന്നിൽനിന്നെന്തെ മാഞ്ഞു....
-
സംഗീതമേ നിൻ്റെ സാന്ത്വനസ്പർശം തേടി ജ്ഞാൻ എങ്ങോ അലഞ്ഞു സ്വരപതംഗമായ് പാറിപ്പറന്നു നീ എന്നിൽനിന്നെന്തെ മാഞ്ഞു.. നീ എന്നിൽനിന്നെന്തെ മാഞ്ഞു....
-
ജോരാസങ്കോ താക്കൂർ ബാരി .. ബംഗാളി സാഹിത്യത്തി ന്റെ പൈതൃകം തേടിയുള്ള , കൽക്കട്ട നഗരത്തെ രാജ്യത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നുവിള...
-
പൂമരചില്ലയിൽ മൊട്ടിട്ട പൂവിനെ മാരുതൻ തഴുകി തഴുകി നിൽക്കേ.. എങ്ങുനിന്നോ എന്റെ മൺവീണയിൽ ഒരു ഹംസനാദത്തിന്റെ മൂളൽ കേട്ടൂ.. ഹംസനാദത്തിന്റെ മൂളൽ...